തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളി നിരന്തരം വന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തതായി ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി ബി. വിനോദ് കുമാർ അറിയിച്ചു.

സെൻട്രൽ ജയിലിൽ ജോലിചെയ്തിരുന്ന സന്തോഷ് കുമാർ രണ്ടരമാസം മുൻപാണ് കുഞ്ചാലുംമൂട്ടിലെ സബ് ജയിലിലേക്ക് മാറിയത്. കഴിഞ്ഞ 27നാണ് ജയിലിൽ നിന്ന് മൊബൈൽ പിടിച്ച വിവരം ജയിൽ സൂപ്രണ്ട് പൂജപ്പുര സ്റ്റേഷനിൽ അറിയിക്കുന്നതും ഫോൺ കൈമാറിയതും. ഫോൺ പൊലീസിന്റെ കയ്യിലിരിക്കുമ്പോൾ തന്നെ ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ നിരന്തരം ഈ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു. സന്തോഷ്‌കുമാറിന്റെ ഫോണിൽ നിന്നാണ് കൂടുതലും ഈ ഫോണിലേക്ക് കോൾ വന്നത്. ഇതു പരിശോധിച്ചപ്പോൾ തടവുകാരനുമായുള്ള ഇടപാടുകളും പുറത്തുവന്നു.