- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി; 28 വയസ്സുകാരൻ 17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു
നാദാപുരം: നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിന് 17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കല്ലാച്ചി ടൗണിൽ വച്ചാണ് വിദ്യാർത്ഥിനിക്ക് കുത്തേറ്റത്. പ്രതി വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദിനെ (28) നാദാപുരം പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട് തടയാനെത്തിയ കല്ലാച്ചി പി.പി. സ്റ്റോർ ഉടമ പി.പി. അഫ്സൽ(45)നും പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പെൺകുട്ടി പറഞ്ഞു. നഴ്സറി അദ്ധ്യാപക കോഴ്സ് വിദ്യാർത്ഥിയായ പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അക്രമിച്ചത്. ആദ്യം പെൺകുട്ടിയുടെ മുഖത്ത് അടിച്ചു. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കച്ചവടക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ ബലമായി കീഴ്പ്പെടുത്തി. അതിനിടെയാണ് അഫ്സലിന് ഇടതുകൈക്ക് കുത്തേറ്റത്. നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിക്ക് നാല് തുന്നുണ്ട്.
എട്ടുമാസംമുമ്പാണ് പ്രവാസിയായ അർഷാദും യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കല്യാണത്തിൽനിന്ന് പിൻവാങ്ങാൻ പെൺകുട്ടി തീരുമാനിച്ചു. ഇതാണ് വിരോധത്തിന് കാരണം. അർഷാദ് ഫോൺവഴിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണിയെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസം മാറ്റിയിരുന്നു.



