തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പാർട്ടി തൃശൂർ ജില്ല സെക്രട്ടറി എം.എം.വർഗീസ്. പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് വർഗീസ് പ്രതികരിച്ചു.

അരവിന്ദാക്ഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ല. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ അരവിന്ദാക്ഷനല്ല, ആരായാലും പാർട്ടി നടപടിയെടുക്കും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാൻ പാർട്ടിക്കാവില്ല. പാർട്ടി പാർട്ടിക്കത്താണ് പരിശോധിക്കുക. സഹകരണ മേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമം. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ലക്ഷ്യം. എ.സി.മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും വർഗീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ല. ഇഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വർഗീസ് കൂട്ടിച്ചേർത്തു.