കോഴിക്കോട്: ഞെളിയംപറമ്പിൽ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്നും സോൺട ഇൻഫ്രാ ടെക് കമ്പനിയെ കോഴിക്കോട് കോർപറേഷൻ പുറത്താക്കി. അഞ്ചുതവണ സമയം നീട്ടി നൽകിയിട്ടും പദ്ധതിയുടെ ആദ്യഘട്ടം പോലും കമ്പനി പൂർത്തിയാക്കിയിരുന്നില്ല.

2019 ലാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി എന്ന പദ്ധതിക്കായി സോൺടയുമായി കോർപറേഷൻ കരാർ ഒപ്പിട്ടത്. എന്നാൽ നാലുവർഷമായിട്ടും ആദ്യഘട്ടമായ 'ബയോ മൈനിങ്' പോലും കമ്പനി പൂർത്തിയാക്കിയില്ല. കോവിഡ് നിമിത്തം സമയം നീട്ടി നൽകിയിട്ടും പണി ഇഴഞ്ഞുനീങ്ങി. കൊച്ചിയിലെ ബ്രഹ്‌മപുരത്തെ തീപിടിത്തം വിവാദമായി. ഇതോടെ പ്രതിപക്ഷവും സോൺടയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

മാലിന്യത്തിൽ നിന്നും പ്രകൃതിവാതകം എന്ന പുതിയ പദ്ധതിക്കായി ഗെയ്ലുമായി ചർച്ച ആരംഭിച്ചതായി മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു. ഗെയ്ലിന് 20 വർഷത്തേക്ക് കരാർ നൽകാനാണ് ഏകദേശ ധാരണ.