- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നയാളാണ് താനെന്നും കണ്ണൻ; അരവിന്ദാക്ഷന് അനധികൃത സ്വത്തുണ്ടെങ്കിൽ നടപടിയെടുക്കട്ടൈന്നും സിപിഎം നേതാവ്
തൃശൂർ: ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നയാളാണ് താനെന്നും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണൻ. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനും. നിരപരാധികളായ പാർട്ടി പ്രവർത്തകരെ വേട്ടയാടുകയാണ്. അതിൽ മാധ്യമങ്ങൾക്ക് ദുഃഖമില്ലെന്നും കണ്ണൻ പറഞ്ഞു.
ഇ.ഡി.അറസ്റ്റ് ചെയ്ത പി.ആർ അരവിന്ദാക്ഷന്റെ ബിസിനസോ കച്ചവടമോ തനിക്കറിയില്ല. അനധികൃതമായി അദ്ദേഹത്തിന് സ്വത്തുണ്ടെങ്കിൽ ഇ.ഡി അന്വേഷിച്ച് നടപടിയെടുക്കട്ടെ. അതിന് തന്നെ എന്തിനാണ് കൂട്ടിക്കെട്ടുന്നതെന്നും ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന്റെ തൊഴിലും വരുമാനവും അന്വേഷിക്കാൻ പാർട്ടിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. 'ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ റിയൽഎസ്റ്റേറ്റ് ഇടപാട് നടത്തി കാശുകാരിയിട്ടുണ്ട്. അരവിന്ദാക്ഷൻ മാത്രമല്ലെന്നാണ് എന്റെ അറിവ്. അനധികൃതമായി അരവിന്ദാക്ഷന് സ്വത്തുണ്ടെങ്കിൽ ഇ.ഡി.അന്വേഷിച്ച് നടപടിയെടുക്കട്ടെ' - കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഇ.ഡിയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞിട്ടുണ്ട്. മറ്റന്നാളും വിളിപ്പിച്ചിട്ടുണ്ട്. അന്നും ചോദ്യങ്ങൾക്ക് മറുപടി പറയും. അറസ്റ്റിനെ ഭയമില്ല. അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നയാളാണ്. അന്ന് കോടതിയില്ല. ഇന്ന് കോടതിയുണ്ട്. നമുക്ക് നോങ്ങാം. എകെ-47 മായി ഇവിടെ വരേണ്ട ആവശ്യമെന്തായിരുന്നു. ഒന്നിനും തടസ്സം നിന്നിട്ടില്ല.ഇ.ഡി.എന്നെ തല്ലി എന്ന് പറഞ്ഞിട്ടില്ല. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷ കൊണ്ടും എല്ലാം പീഡനമാണ്. മാന്യമായ ഉദ്യോഗസ്ഥരും മോശം ഉദ്യോഗസ്ഥരും ഉണ്ട്. രണ്ട് മണി മുതൽ ഏഴ് മണി വരെ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് ചോദ്യംചെയ്തത്. മനുഷ്യനെ ഇരുത്തി ഭയപ്പെടുത്തും. ബൂട്ടിട്ട് നിലത്തിട്ട് ചവിട്ടും. അതൊക്കെയാണ് അവരുടെ രീതി. പാസ്പോർട്ടും മറ്റും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പത്ത് ദിവസം സമയം ചോദിച്ചിട്ടുണ്ട്' കണ്ണൻ പറഞ്ഞു.



