തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിക്കേണ്ട സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കാൻ കർമ്മപദ്ധതി നടപ്പാക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത മേഖലാ അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ട പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. സ്‌കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എംഎൽഎമാർ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ഏജൻസികൾ, കലക്ടർമാർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

വിദ്യാഭ്യാസ രംഗത്ത് ഗുണത ഉറപ്പാക്കാൻ സഹായകരമായ സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ നാലിന് തിരുവനന്തപുരത്ത് വിളിച്ചു ചേർക്കും.