കണ്ണൂർ: കോഴിക്കോട് നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നു. ഇന്ന് രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ടയുടനെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായത്.

9.50ന് പറന്നുയർന്ന് 15 മിനിട്ടുകൾക്കകമാണ് പ്രശ്‌നം കണ്ടത്.കാർഗോ ഹോളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ കണ്ണൂരാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. 11 മണിയോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയെന്നും പ്രശ്നങ്ങളില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ജീവനക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.