മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 80 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ബഹ്റൈനിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ താമരശ്ശേരി സ്വദേശി റിഷാദിൽനിന്ന് 720 ഗ്രാം സ്വർണം പിടിച്ചു. ഇതിന് 42 ലക്ഷത്തിലധികം രൂപ വിലവരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ബുധനാഴ്ച ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ളയിൽനിന്ന് 38.39 ലക്ഷം വരുന്ന 649 ഗ്രാം സ്വർണം പിടിച്ചു. രണ്ട് എമർജൻസി ലാമ്പുകളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഡി.ആർ.ഐ.യും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സുപ്രണ്ടുമാരായ ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്‌പെക്ടർമാരായ അനുപമ, സിലേഷ്, രവിചന്ദ്ര, രവിരഞ്ജൻ, ഹവിൽദാർമാരായ ഗിരീഷ്ബാബു, കൃഷ്ണവേണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.