ഇംഫാൽ: കലാപം നിയന്ത്രിക്കുന്നതിൽ മണിപ്പുർ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽ നിന്നു രാജിവച്ചു. രണ്ട് വിദ്യാർത്ഥികൾ കൂടി മണിപ്പൂരിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാറിന്റെ രാജി. രണ്ട് കുക്കി സിനിമകളുൾപ്പെടെ 400ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ ബിജെപി സംസ്ഥാന ഭാരവാഹികൾക്ക് രാജിക്കത്ത് കൈമാറി.

ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് താരം ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. തന്റെ പ്രഥമ പരിഗണന ജനങ്ങൾക്കാണെന്നും പാർട്ടി രണ്ടാമതാണെന്നും രാജ്കുമാർ രാജിക്കത്തിൽ വ്യക്തമാക്കി.

നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു. അതേസമയം, രാജ്കുമാർ തീരുമാനം പുനഃപരിശോധിത്തണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.