കോട്ടയം: വഴിതടസ്സപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. സംഭവത്തിൽ സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റുചെയ്തു. പരാതിയെത്തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയുമായിരുന്നു.

മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരിൽ ബ്രിജിത്ത് സക്കറിയ (35), സഹോദരൻ അരുൺ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായത്. പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്. യുവാക്കൾ വെൽഡിങ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന വാഹനം മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വീടിനുമുന്നിലിട്ടതിനാൽ പ്രതികളുടെ വാഹനം പുറത്തേക്കിറക്കാനാകാതെവന്നു.

ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. ഇതിനിടെ പ്രതികൾ യുവാക്കളെ വെട്ടുകയായിരുന്നു. അരുൺ സക്കറിയയുടെ പേരിൽ കുമരകം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്.