കണ്ണൂർ: കുടിയാൻ മലയിൽ കാർഷികവിളകൾ നശിപ്പിച്ച് വൈദ്യുതി ലൈൻ സ്ഥാപിക്കാൻ ശ്രമം. നിർദിഷ്ട കരിന്തളം-വയനാട് 400 കെ.വി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായും കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാര പാക്കേജുമായും ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് സംഭവം. ഒരുമുന്നറിയിപ്പും കൂടാതെ അതിക്രമിച്ചുകയറി വിളകളും, മരങ്ങളും വെട്ടിമാറ്റി ടവർ നിർമ്മാണം ആരംഭിക്കുവാനുള്ള കെ.എസ്.ഇ.ബിയുടെയും കരാർ കമ്പനിയുടെയും ശ്രമത്തെ അഡ്വ.സജീവ് ജോസഫ് എംഎ‍ൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ജെ.സി.ബി ഉൾപ്പെടയുള്ള നിർമ്മാണ സാമഗ്രികൾ അവിടെ നിന്നും നീക്കംചെയ്യുകയും ഉദ്യോഗസ്ഥരെ എംഎ‍ൽഎ കൃഷിയിടത്തിൽ നിന്നും
ഇറക്കിവിടുകയും ചെയ്തു.

മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തും തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എംഎ‍ൽഎമാരുടെ യോഗം കണ്ണൂരിലും കഴിഞ്ഞ ദിവസം ഇരിട്ടിയിൽ ജനപ്രധിനിധികളുടെയും യോഗം ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുകയും കർഷകർക്ക് നഷ്ടപരിഹാരത്തിനായുള്ള പാക്കേജിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനവും ഇതുമായി ബന്ധപ്പെട്ട് പാടില്ല എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞ മൂന്നുദിവസമായി കുടിയാന്മലയിലെ കുര്യാക്കോസ് മുണ്ടയ്ക്കലിന്റെ കൃഷിയിടത്തിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കരാർ കമ്പനിക്കാരായ എൽ ആൻഡ് ടി കമ്പനി ഉദ്യോഗസ്ഥരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ടവർ നിർമ്മാണപ്രവർത്തി ആരംഭിച്ചത്.

ഈ നടപടി ഡിപ്പാർട്ട്‌മെന്റിന്റെ മാടമ്പിത്തരമാണെന്നും ഇത് ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പദ്ധതിയിൽ കർഷകന് പരമാവധി നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ ഒരു പ്രവർത്തിയും നടത്തുവാൻ അനുവദിക്കുകയില്ലയെന്നും എംഎ‍ൽഎ അറിയിച്ചു.

എംഎ‍ൽഎയോടൊപ്പം യുഡിഫ് ജില്ലാ ചെയർമാൻ പി.ടി മാത്യ,ടോമി കുമ്പിടിമാക്കാൻ, പഞ്ചായത് അംഗം അലക്‌സ് ചുനയുമാക്കൽ,എരുവേശ്ശി മുൻ പഞ്ചായത് പ്രസിഡന്റ് ജോസഫ് ഐസക് എന്നിവരും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ചചെയ്യുവാനായി വൈദ്യുതി ലൈൻ കടന്നു പോകന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടേയു,ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും,കെ.എസ്.ഇ.ബി അധികൃതരുടെയും ഒരു യോഗം 30 ന് ഉച്ചകഴിഞ്ഞു 3.30 ന് ആലക്കോട് സെന്റ്.മേരിസ് പാരിഷ് ഹാളിൽ ചേരുമെന്നും എംഎ‍ൽഎ അറിയിച്ചു.