- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹം പോലെ മൃതദേഹം പഠനത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകി; ഗൃഹനാഥന്റെ ആഗ്രഹം സഫലമാക്കി ബന്ധുക്കൾ
ചങ്ങനാശേരി: മരണശേഷം തന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്ന ഗൃഹനാഥന്റെ ആഗ്രഹം സഫലമാക്കി ബന്ധുക്കൾ. വലിയകുളം പന്തല്ലൂർ ജോർജ് വർക്കിയുടെ (94) മൃതദേഹം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിനു വിട്ടുനൽകി. താൻ മരിച്ച ശേഷം തന്റെ മൃതദേഹം മറ്റുള്ളവർക്കു പ്രയോജനപ്പെടുത്തണം എന്നതായിരുന്നു ഗൃഹനാഥന്റെ ആഗ്രഹം.
തന്റെ ശരീരം മരണശേഷം പഠനത്തിനായി വിട്ടുകൊടുക്കണമെന്നു ജോർജ് എഴുതിവച്ചിരുന്നു. ഇതിനു സഭയുടെ അനുമതിയും ലഭിച്ചിരുന്നു. ആഗ്രഹ പ്രകാരം മരണാനന്തര കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു ൽകിയത്. ചികിത്സ തേടിയിരുന്ന പുഷ്പഗിരി മെഡിക്കൽ കോളജിനാണ് അദ്ദേഹത്തിന്റെ മൃതദേഹവും കൈമാറിയത്. തന്നെ ചികിത്സിച്ച ആശുപത്രിക്ക് തന്നെ മൃതദേഹം കൈമാറണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
വിദേശത്ത് പെട്രോളിയം കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ജോർജ് വർക്കി. ചികിത്സപ്പിഴവു മൂലം ഭാര്യ മേരിക്കുട്ടി അബോധാവസ്ഥയിലായതോടെ 1980ൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. 8 വർഷത്തിനു ശേഷമായിരുന്നു മേരിക്കുട്ടിയുടെ മരണം. കാരുണ്യപ്രവർത്തനങ്ങൾ ചെയ്തായിരുന്നു പിന്നീടുള്ള ജീവിതം. സംസ്‌കാര ശുശ്രൂഷകൾക്കു വീട്ടിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നേതൃത്വം നൽകി. വെരൂർ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷകൾക്കും ശേഷമാണു മൃതദേഹം ആശുപത്രിക്കു കൈമാറിയത്.



