- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ട സംഭവം; വീട്ടമ്മയ്ക്ക് 7.67 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്: സർക്കാർ കനിഞ്ഞത് 28 വർഷത്തിന് ശേഷം
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്.
കോടതി കയറി ഇറങ്ങിയ വീട്ടമ്മയോട് 28 വർഷത്തിനുശേഷമാണ് സർക്കാർ കനിഞ്ഞത്. ചെറുവത്തൂർ കാടങ്കോട്ടെ കമലാക്ഷിയമ്മയ്ക്കാണ് കോടതി വിധിച്ച നഷ്ടപരിഹാരത്തുകയും പലിശയുമുൾപ്പെടെ 7,67,478 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്. ആർ.ഡി.ഒ.യുടെ ജീപ്പ് ജപ്തിചെയ്തപ്പോഴാണ് സർക്കാർ കനിഞ്ഞത്.
സെപ്റ്റംബർ 26 വരെയുള്ള കണക്കനുസരിച്ചുള്ള തുകയാണിത്. കോടതിയിൽ തുക അടയ്ക്കുന്നത് എപ്പോഴാണോ അത്രയും ദിവസം 37.80 രൂപ പ്രകാരം ഒരുദിവസം എന്ന കണക്കിൽ അധികമായി നൽകാനും ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് അയച്ച ഉത്തരവിൽ പറയുന്നു.
1995-ലാണ് കേസിനാസ്പദമായ സംഭവം. കമലാക്ഷിയുടെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. തുടർന്ന് 999-ൽ ഇവർ നഷ്ടപരിഹാര ഹർജി കോടതിയിൽ നൽകി. വിധി വന്നത് 2018-ൽ. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു ഹൊസ്ദുർഗ് സബ് കോടതിയുടെ ഉത്തരവ്. ആരോഗ്യവകുപ്പിന്റെ ജീപ്പ് ഈടുവച്ച് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അപ്പീൽ തള്ളിയതോടെ ജീപ്പ് ജപ്തിചെയ്യണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു.
കോടതി ഉത്തരവുപ്രകാരം ജീപ്പ് ജപ്തിചെയ്യുകയും മോട്ടോർ വാഹനവകുപ്പ് അതിന് 30,000 രൂപ വിലയിടുകയും ചെയ്തു. തുക തീരെ കുറഞ്ഞെന്നു മാത്രമല്ല, ജീപ്പ് കട്ടപ്പുറത്തുള്ളതുമായിരുന്നു. തുടർന്ന് കമലാക്ഷിയുടെ ഹർജി പരിഗണിച്ച് ആർ.ഡി.ഒ.യുടെ ജീപ്പ് ജപ്തി ചെയ്യുകയായിരുന്നു. ഇതിന് മോട്ടോർ വാഹനവകുപ്പ് ആറുലക്ഷം രൂപ മൂല്യം നിശ്ചയിച്ചു. ഈ ജീപ്പ് ലേലം വിളിച്ച് വിറ്റ് നഷ്ടപരിഹാരത്തുക നൽകണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു.
അതിനിടെ കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ സാവകാശം നൽകണമെന്നും പെട്ടെന്ന് ജീപ്പ് ലേലംചെയ്യരുതെന്നും അഡീഷണൽ ഗവ. പ്ലീഡർ കെ.പി.അജയകുമാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി. ഇതിനിടെയാണ് നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായത്.



