കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ സിഐടിയു നേതാവ് മർദിച്ച കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസ് ഉടമ രാജ് മോഹനോടും ഹൈക്കോടതിയോടും സിഐടിയു നേതാവ് കെ.ആർ. അജയൻ തുറന്ന കോടതിയിൽ മാപ്പ് അപേക്ഷിച്ചു.

മാപ്പ് സ്വീകരിക്കരുതെന്ന് രാജ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു. പക്ഷേ പ്രതിക്ക് തന്റെ തെറ്റ് ബോധ്യമായതിനാൽ മാപ്പ് അപേക്ഷ സ്വീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, ബസുടമയുമായി ബന്ധപ്പെട്ട് അജയൻ ഉൾപ്പെടെ ഉള്ളവർക്കെതിരേ എടുത്തിട്ടുള്ള ക്രിമിനൽ കേസുകളിൽ ഈ വിധി ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. മറ്റു കേസുകളിൽ നടപടിയുമായി മുന്നോട്ടുനീങ്ങാമെന്ന് കോടതി വ്യക്തമാക്കി.

വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം ഉടമ രാജ്‌മോഹൻ നിരാകരിച്ചിരുന്നു. തുടർന്ന് സിഐടിയു ബസിന് മുകളിൽ കൊടികുത്തി സമരം തുടങ്ങി. പിന്നീട് പൊലീസ് സംരക്ഷണത്തിൽ ബസ് സർവീസ് നടത്താൻ സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൻപ്രകാരം ബസിൽ കെട്ടിയ കൊടി അഴിക്കാനെത്തിയ ബസുടമയെ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ കെ.ആർ. അജയൻ മർദിച്ചതാണ് കേസിനാസ്പദമായ സംഭവം.