- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരോർജ പദ്ധതിയുടെ മറവിൽ ഇൻകെലിൽ നടന്നത് എ.ഐ ക്യാമറയിലും കെ ഫോണിലും നടന്നതിന് സമാനമായ അഴിമതി; 2020-ൽ പരാതി കിട്ടിയിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു; കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: എ.ഐ ക്യാമറയിലും കെ -ഫോണിലും നടന്നതിനു സമാനമായ അഴിമതിയാണ് കെ.എസ്.ഇ.ബിയുടെ സൗരോർജ പദ്ധതികളിലും നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുമേഖല സ്ഥാപനങ്ങളെയും സർക്കാരിന് പങ്കാളിത്തമുള്ള കമ്പനികളെയും മറയാക്കി സംസ്ഥാനത്ത് ഒരേ രീതിയിലുള്ള അഴിമതിയാണ് പിണറായി സർക്കാർ നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
കഞ്ചിക്കോടും ബ്രഹ്‌മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോർജ പദ്ധതിയിൽ മാത്രം അഞ്ച് കോടിയോളം രൂപയുടെ കോഴ ഇടപാടാണ് നടന്നത്. പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ വ്യവസായ മന്ത്രി ചെയർമാനായ ഇൻകെലിനാണ് കെ.എസ്.ഇ.ബി നൽകിയത്. എന്നാൽ ചട്ടവിരുദ്ധമായി ഈ കരാർ 2020 ജൂണിൽ 33.95 കോടി രൂപയ്ക്ക് തമിഴ്‌നാട് ആസ്ഥാനമായുള്ള റിച്ച് ഫൈറ്റോകെയർ എന്ന കമ്പനിക്ക് ഇൻകെൽ ഉപകരാറായി നൽകി. ഒരു വാട്ടിന് 56 രൂപ നിരക്കിൽ കെ.എസ്.ഇ.ബി നൽകിയ കരാറാണ് 44 രൂപയ്ക്ക് ഇൻകെൽ സ്വകാര്യ കമ്പനിക്ക് മറിച്ചു വിറ്റത്.
ചട്ടം ലംഘിച്ചുള്ള ഉപകരാറിനെയും അഴിമതിയെയും കുറിച്ച് മൂന്ന് വർഷം മുൻപ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. എന്നിട്ടും അഴിമതിക്ക് കുടപിടിക്കുകയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇൻകെലിന് എതിരെ ഉയർന്ന അഴിമതിയെ കുറിച്ച് ഇൻകെൽ എം.ഡി കൊണ്ടു തന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. തന്റെ വ്യാജ ഒപ്പിട്ടാണ് കരാർ നേടിയതെന്ന ഇൻകെൽ മുൻ എം.ഡിയുടെ വെളിപ്പെടുത്തലിൽ ശാസ്ത്രീയ പരിശോധന പോലും നടത്തിയിട്ടില്ല.
സ്വന്തക്കാരെക്കൊണ്ട് അന്വേഷണം നടത്തി അഴിമതി ഒതുക്കി തീർക്കാനുള്ള ശ്രമം പ്രതിപക്ഷം അനുവദിക്കില്ല. ഇൻകെലിന് എതിരെ ഉയർന്ന ആരോപണത്തിൽ കോടതി മേൽനോട്ടത്തിയിലുള്ള സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെടുന്നു-പ്രതിപക്ഷ നേതാവ് പറഞ്ഞു.



