കൊച്ചി: കോതമംഗലത്ത് നബി ദിനാഘോഷത്തിൽ ഭക്ഷണ വിതരത്തിനിടെ തമ്മിൽത്തല്ല്. മടിയൂർ ജുമാ മസ്ജിദ് വളപ്പിൽ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്തു.

പള്ളിയിലെ പുതിയ ഭരണസമിതിയുടെ ചുമതല വഹിക്കുന്നവരും പഴയ സമിതിയുടെ ചുമതല വഹിക്കുന്നവരും തമ്മിൽ കഴിഞ്ഞ കുറേനാളുകളായി തർക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ സ്ഥലത്തെത്തിയിരുന്നു. ഭക്ഷണവിതരണം തുടങ്ങുന്ന ഘട്ടത്തിലാണ് സംഘർഷമുണ്ടായത്.

പഴയ ഭരണ സമിതിയിലുള്ളവർ ഇവിടേക്കെത്തി കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചത് പുതിയ ഭരണ സമിതിക്കാർ ചോദ്യംചെയ്തതോടെ വാക്കുതർക്കത്തിലേക്കും തുടർന്ന് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഉടൻതന്നെ രംഗം ശാന്തമാക്കി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് പഴയ ഭരണസമിതിയുടെയും പുതിയ ഭരണസമിതിയിലേയും ആളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.