- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഴയിൽ 14 കിലോ ചന്ദനത്തടി കടത്തിയ രണ്ടുപേർ പിടിയിൽ
കണ്ണൂർ: ചെറുപുഴയിൽ പതിനാലു കിലോ ചന്ദനത്തടി കടത്തവെ രണ്ടു പേർ പിടിയിലായി. ചെറുപുഴ പാടിയോട്ടുചാൽ പൊന്നംവയലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 14കിലോ ചന്ദനത്തടിയുമായി രണ്ടുപേരെയാണ് തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ പിടികൂടിയത്.
പൊന്നംവയൽ സ്വദേശി പി ജയനാരായണൻ , പെരിങ്ങാല സ്വദേശി ഇ.ജെ സണ്ണി പൗലോസ് എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശനും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഷൈജൻ, ശ്രീജിത്ത് എന്നിവർ ഓടി രക്ഷപെട്ടു.
നേരത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ ചന്ദനത്തടി വിലയ്ക്ക് വാങ്ങാൻ പ്രതികൾ നാലുപേരും പോയെങ്കിലും മരം വിൽക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ തിരിച്ചു പോയി. പിന്നീട് വീണ്ടും വന്ന് തങ്ങൾക്ക് വേറെ സ്ഥലത്ത് നിന്നും ചന്ദനം ലഭിച്ചിട്ടുണ്ടെന്നും ഇത് കൂടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും വീട്ടുകാരൻ വഴങ്ങിയില്ല.
എന്നാൽ വീട്ടുടമ അറിയാതെ പ്രതികൾ നാലുപേരും ചേർന്ന് മരം മുറിച്ചുകടത്തി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മോഷണ ശ്രമം ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെ ഇവർ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയായിരുന്നു. പത്ത് കഷ്ണങ്ങളിലായി 14 കിലോ ചന്ദനത്തടിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




