കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. വാട്ടർ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റർ രാമന്തളി കുന്നരു വട്ടപ്പറമ്പ് ചാൽ പത്ത്സെന്റിലെ എംപി ഷൈനേഷിന്റെ ബൈക്കാണ് തീവെച്ചു നശിപ്പിച്ചത്.

വെള്ളിയാഴ്‌ച്ച പുലർച്ചെ ഒന്നേ പത്തിന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന് ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നു പേർ തീവയ്ക്കുകയായിരുന്നു. സംഘത്തിലൊരാൾ കുപ്പിയിൽ കൊണ്ടു വന്ന പെട്രോൾ ബൈക്കിന് മുകളിലൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഇയാൾ തീപ്പെട്ടി ഉപയോഗിച്ചു തീകൊളുത്തുന്നതും തുടർന്ന് തീയാളി പടർന്നപ്പോൾ മൂന്നുപേരും ഓടിരക്ഷപ്പെടുന്നതും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

തീകൊളുത്തിയ ആൾ സ്ത്രീകളുപയോഗിക്കുന്ന മാക്സിയും മറ്റുരണ്ടുപേർ സമാനരീതിയിലുള്ള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. തീയും പുകയും കണ്ടതിനെ തുടർന്ന് എഴുന്നേറ്റ വീട്ടുകാർ അയൽവാസികളുടെ സഹായത്തേടെ വെള്ളമൊഴിച്ചു തീയണച്ചുവെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പൊലിസ് ഷൈനേഷിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.