- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ 17കാരിയെ പീഡിപ്പിച്ചു; സ്വർണാഭരണവും പണവും തട്ടിയെടുത്തു; സ്വകാര്യ ബസ് ഡ്രൈവറായ 35കാരന് അഞ്ച് വർഷം തടവും പിഴയും
തൃശൂർ: വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കുകയും നാലര പവൻ സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസിൽ സ്വകാര്യ ബസ് ഡ്രൈവറായ 35കാരന് തടവും പിഴയും ശിക്ഷ. കുന്നംകുളം പോക്സോ കോടതിയാണ് യുവാവിന് അഞ്ചു വർഷം തടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കോട്ടപ്പടി പൊലീയത്ത് സുധീഷി (35)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പട്ടികജാതിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമം നടത്തി സ്വർണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയത്.
പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി ഗുരുവായൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പിന്നീട് കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ ഈ കേസ് റീ രജിസ്റ്റർ ചെയ്തു. എ.സി.പിമാരായ പി.എ. ശിവദാസൻ, പി. വിശ്വംഭരൻ, ടി.എസ്. സിനോജ് എന്നിവർ അന്വേഷണം നടത്തി.
കുന്നംകുളം എ.സി.പി. ടി.എസ് സിനോജാണ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രതി വിറ്റ സ്വർണാഭരണങ്ങൾ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ജൂവലറികളിൽനിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
ഈ കേസിലേക്ക് 32 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ രമ്യ, സിവിൽ പൊലീസ് ഓഫീസർ പ്രശോബ് എന്നിവരും പ്രവർത്തിച്ചു.




