കണ്ണൂർ:ഉറക്കം കൂടുതൽ സുഖകരമാക്കാൻ പ്രകൃതിയാലുള്ള ഉന്നം നിറച്ച് തയ്യാറാക്കുന്ന സുഷുപ്തി കിടക്കകളുമായി ഖാദി ബോർഡ്. പയ്യന്നൂർ ഖാദി കേന്ദ്രത്തിനു കീഴിലാണ് കൈകൊണ്ട് ചർക്കയിലുണ്ടാക്കുന്ന നൂലുപയോഗിച്ച് ഖാദി തറികളിൽ നെയ്തെടുക്കുന്ന ഖാദി തുണിയിൽ ഉന്നം നിറച്ച കിടക്കകൾ വിപണിയിലിറക്കിയത്. കിടക്കകളുടെ ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.

വൈവിധ്യവൽക്കരണവുമായി മുന്നോട്ടുപോവുകയാണെന്നും ഈ സാമ്പത്തിക വർഷം 150 കോടിയുടെ വിപണനമാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ, സഹകരണ, അദ്ധ്യാപക മേഖലയിൽ നിന്ന് ഖാദിക്ക് പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിലൂടെ ഖാദി ഉപഭോക്താക്കളുടെ ശൃംഖല വലുതാവുകയാണ്. പുതുതലമുറയടക്കം ഖാദിയോട് ഇണങ്ങി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.

പ്രകൃതിദത്തമായതിനാൽ ദീർഘകാലം ഉപയോഗിക്കമ്പോൾ അമർന്നു പോകുന്നതിന് പരിഹാരമായി പുതിയ ഡിസൈനിലാണ് സുഷുപ്തി കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. സാധാരണ കിടക്കകളിൽ ഉപയോഗിക്കുന്ന ഉന്നത്തെക്കാൾ കൂടുതൽ ഗുണമേന്മയുള്ള ഡീലക്സ് സിൽക് കോട്ടൺ ഉന്നം നിറച്ച് കിടക്ക പെട്ടന്ന് ഉലയാതിരിക്കാൻ പുതിയ രീതിയിലുള്ള തയ്യലിലാണ് കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. ശരീര വേദനയുള്ളവർക്കടക്കം ഇതിന്റെ ഉപയോഗം നല്ലതാണ്. സുഷുപ്തി സീരീസിൽ മടക്ക് കിടക്കകൾ, ചുരുട്ട് കിടക്കകൾ, പരമ്പരാഗത ഡിസൈനിൽ നിന്ന് വ്യത്യസ്തമായ തലയിണകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്.

കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം എസ ശിവരാമൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഖാദി ജീവിചര്യയാക്കിയവരെ ആദരിച്ചു. ജില്ലാ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. കെ ജയദേവ്, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ജി ശ്യാമ കൃഷ്ണൻ മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെഎ രതീഷ്, എഫ് ആൻഡ് സിഇഒ ഡി സദാനന്ദൻ, ഡയരക്ടർമാരായ കെ കെ ചാന്ദിനി, ടി സ് മാധവൻ നമ്പൂതിരി, കെ വി ഗിരീഷ് കുമാർ, സി സുധാകരൻ, പി എൻ മേരി വിർജിൻ, കെ വി രാജേഷ് എന്നിവർ സംസാരിച്ചു.