തലശ്ശേരി: വാഹന പരിശോധനക്കിടയിൽ രേഖകളില്ലാത്ത ഒരു കോടി 75,77,500 രൂപയുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണാണ് (22) അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച കാറിൽനിന്നുമാണ് രേഖകളില്ലാതെ സൂക്ഷിച്ച ഒരു കോടി 75,77,500 രൂപ കണ്ടെടുത്തത്. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച പണമാണ് തലശ്ശേരി പൊലീസ് പരിശോധനയിൽ കണ്ടെടുത്തത്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം ദേശീയപാതയിലെ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംശയം തോന്നിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ കാർ വിശദമായി പരിശോധന നടത്തുമ്പോഴാണ് ഉൾവശത്തെ പ്ലാറ്റ് ഫോം ഉയർന്ന് നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.

ഇതേതുടർന്ന് കാർ എരഞ്ഞോളി പാലത്തിന് സമീപത്തെ വർക്ക് ഷോപ്പിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. 500, 200 ന്റെ നോട്ടുകെട്ടുകളാണ് പിടികൂടിയത്. കാറിൽ കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

കാസർകോട് സ്വദേശി പള്ളിക്കൽ ഹൗസിൽ വലിയപുരയിൽ ബിപാത്തുമ്മ ബഷീർ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. എസ്‌ഐമാരായ വി.വി. ദീപ്തി, സജേഷ് വി. ജോസ്, എസ്.വി. മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. തലശേരി സിഐ എം. അനിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.