പൊന്നാനി: പൊന്നാനി നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകി. എട്ടുമാസം ഗർഭിണിയായ യുവതിക്ക് 'ഒ' നെഗറ്റീവിനു പകരം 'ബി' പോസിറ്റീവ് രക്തമാണു നൽകിയത്. ഇതോടെ അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്ലമിന്റെ ഭാര്യ റുക്‌സാനയ്ക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്തം കയറ്റിയത്.

രക്തക്കുറവുണ്ടായതിനാൽ മൂന്നു ദിവസം മുൻപാണ് നഗരസഭയുടെ ആശുപത്രിയിൽ റുക്‌സാനയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു മുതൽ രക്തം കയറ്റുന്നുണ്ടായിരുന്നു. വ്യത്യസ്ത ഗ്രൂപ്പിൽപെട്ട രക്തം കയറ്റിയത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്. അരമണിക്കൂറിനകം ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ പെട്ടെന്നു തീരുമാനിച്ചു. ആംബുലൻസിൽ തൃശൂരിലേക്കു കൊണ്ടുപോയി.

രക്തഗ്രൂപ്പ് മാറിപ്പോയ വിവരം ബന്ധുക്കൾ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് അറിഞ്ഞത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും പൊന്നാനിയിലെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. 15 മില്ലിയിൽ താഴെ മാത്രമേ 'ബി' പോസിറ്റീവ് രക്തം കയറിയിട്ടുള്ളൂവെന്നും പിഴവു മനസ്സിലായതോടെ അടിയന്തര നടപടികൾ സ്വീകരിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.