തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ഡിജിപി ടി.കെ.വിനോദ് കുമാർ ഒന്നര വർഷത്തെ അവധിക്ക് അപേക്ഷ നൽകി. യുഎസിലെ സർവകലാശാലയിൽ അദ്ധ്യാപകനാകാനാണ് അദ്ദേഹം ലീവിന് അപേക്ഷ നൽകിയത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജനുവരിയിൽ അദ്ദേഹം യുഎസിലേക്കു പോകും. ക്രിമിനൽ ജസ്റ്റിസിൽ ഡോക്ടറേറ്റുള്ള അദ്ദേഹം നിലവിൽ സർക്കാർ അനുമതിയോടെ ചില സ്ഥാപനങ്ങളിൽ അദ്ധ്യാപനം നടത്തുന്നുണ്ട്.

അവധി കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഒന്നര വർഷം കഴിഞ്ഞും യുഎസിൽ അദ്ധ്യാപനം തുടരുമെന്നു വിനോദ് കുമാർ പറഞ്ഞു. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2025 ഓഗസ്റ്റ് 31 വരെ സർവീസുണ്ട്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന് 2025 ജൂൺ 30 വരെ സർവീസുണ്ട്. അതിനു ശേഷം വിനോദ് കുമാറിനു ആറു മാസത്തെ സർവീസ് ബാക്കിയില്ലാത്തതിനാൽ പൊലീസ് മേധാവിയായി പരിഗണിക്കാൻ കഴിയില്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായാണു വിനോദ് കുമാർ അറിയപ്പെടുന്നത്. പ്രതിപക്ഷ നേതാവ്, മാത്യു കുഴൽനാടൻ എന്നിവർക്കെതിരെയുള്ള പ്രാഥമിക അന്വേഷണം വിജിലൻസ് തുടരുന്നതിനിടെയാണ് ഡയറക്ടറുടെ അപ്രതീക്ഷിത അവധി അപേക്ഷ.