കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് അടച്ചുപൂട്ടൽ സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. മാഹിയിൽ നിന്നുള്ള ഇന്ധന കടത്ത് തടയാൻ പൊലിസും ജി എസ് ടി വകുപ്പ് അധികൃതരും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്‌ച്ച രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പെട്രോൾ പമ്പ് ഡീലേഴ്‌സ് അസോസിയേഷൻ പണിമുടക്ക് നടത്തിയത്. ഇതുകാരണം ഇരു ചക്ര വാഹന ഉടമകൾ മുതൽ വലിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വരെ വലഞ്ഞു. വെള്ളിയാഴ്‌ച്ച അർധരാത്രി വരെ കനത്ത തിരക്കാണ് കണ്ണൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പമ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പ് ഉടമകളും ജീവനക്കാരും കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.

ശനിയാഴ്‌ച്ച രാവിലെ 10.30ന് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നാറംഭിച്ച മാർച്ച് താലൂക്ക്, കാൽടെക്‌സ് വഴി കളക്‌റേറ്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണവ്യാപാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി ജയദേവൻ അധ്യക്ഷത വഹിച്ചു. എം അനിൽ മുഖ്യപ്രഭാഷണം നടത്തി. കെ വി രാമചന്ദ്രൻ സ്വാഗതവും സുധൻ കെ.വി നന്ദിയും പറഞ്ഞു. സി ഹരിദാസ്, ഇ എം ശശീന്ദ്രൻ ,അബ്ദുർ റഹ്‌മാൻ സംസാരിച്ചു.

കണ്ണൂർ ജില്ലാ അതിർത്തിയിൽപ്പെട കർണാടക,മാഹിയിൽ നിന്നും അനിയന്ത്രിതമായ രീതിയിലുള്ള ഇന്ധനക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, സാധ്യത പഠനം നടത്തി മാത്രം പുതിയ പമ്പുകൾ അനുവദിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയോട്ടുക്കും ഏകീകൃത വില നടപ്പിലാക്കുക, അപൂർവ ചന്ദ്ര കമ്മീഷൻ റിപ്പോർട്ട് പ്രകാരം കാലാകാലങ്ങളിൽ ഡീലർ കമ്മീഷൻ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചത്. കണ്ണൂർ ജില്ലയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള 200ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്‌ച്ച രാവിലെ ആറുമണി മുതൽ 24 മണിക്കൂർ സമയമാണ് അടച്ചിട്ട് പ്രതിഷേധിച്ചത്.

സൂചനാ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും ഇന്ധനക്കടത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല അടച്ചിടൽ നടത്തുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി. ജീവനക്കാർ ഉൾപ്പെട്ടെ നൂറുകണക്കിനാളുകളാണ് സമരത്തിൽ പങ്കെടുത്തത്.