തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറുടെ കൊലപാതക്കേസിൽ എല്ലാ പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ഒന്നു മുതൽ ആറുവരെ പ്രതികളും ചാക്ക സ്വദേശികളുമായ റസീം ഖാൻ എന്ന ചിക്കു , ജയദേവൻ എന്ന മുരുകൻ , വിനീഷ് എന കൊച്ചുമോൻ , അനുലാൽ , പേട്ട സ്വദേശി ശിവപ്രതാപ് എന്ന ഉണ്ണി , കടകംപള്ളി സ്വദേശി റിജു എന്നിവരാണ് ഹാജരാകേണ്ടത്.

പേട്ട സ്വദേശി വിപിൻ എന്ന കൊച്ചു കുട്ടനായിരുന്നു 2019 നവംബർ പുലർച്ചെ ആനയറയിൽ വെട്ടിക്കൊലപ്പെടുത്തിയ രീതിയിൽ കാണപ്പെട്ടത്. കൃത്യത്തിന് ശേഷം ആറ് പ്രതികളും തുമ്പ സിഐക്ക് മുന്നിൽ കീഴടങ്ങി. ഇവരെ പിന്നീട് പേട്ട പൊലീസിന് കൈമാറി. ആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപം റോഡരികിൽ വിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വലതു കൈയും ഇടതുകാലും അറ്റുപോയിരുന്നു. ചാക്കയിൽ നിന്ന് ഓട്ടം വിളിച്ചു കൊണ്ടുപോയ ആറംഗ സംഘം വിപിനെ വെട്ടുകയായിരുന്നു.

2014 ൽ കാരാളി അനൂപിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. 2019 ഓഗസ്റ്റിൽ ഈഞ്ചയ്ക്കലിലെ സ്വകാര്യബാറിൽ വെച്ച് കൊലപാതക സംഘവും വിപിനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് വഞ്ചിയൂർ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന വിപിൻ സംഭവത്തിന് രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ സംഭവത്തിലെ വൈരാഗ്യവും സംഭവത്തിന് കാരണമായതെന്നാണ് 2020 ൽ പേട്ട പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.