തിരുവനന്തപുരം: ശബരിമല തീർത്ഥാടന പാതകൾ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിനു സംസ്ഥാനസർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.

സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലെ തീർത്ഥാടന പാതകൾ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക. ഇവർക്ക് കഴിഞ്ഞ വർഷം 450 രൂപയാണ് നൽകിയിരുന്നത്. ഈ വർഷം വേതനം പരിഷ്‌കരിക്കുന്നതിനു ശുപാർശ നൽകും. യാത്രാ പടി ഇനത്തിൽ 1000 രൂപ ഇവർക്ക് നൽകും. വിശുദ്ധ സേനാംഗങ്ങളുടെ പ്രവർത്തനവും ക്ഷേമവും വിലയിരുത്തുന്നതിനായി വെൽഫെയർ ഓഫീസറെ നിയമിക്കും. വിശുദ്ധി സേനാംഗങ്ങൾക്കുള്ള ബാർ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങൾ സർക്കാർ ഏജൻസികളിൽ നിന്നു നേരിട്ടു വാങ്ങും.

യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോർത്ത്, പുതപ്പ്, പുൽപ്പായ, സാനിറ്റേഷൻ ഉപകരണങ്ങൾ, യൂണിഫോമിൽ മുദ്ര പതിപ്പിക്കൽ എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിക്കും. വിശുദ്ധി സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രർ ടെയിലറുകൾ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ മൂന്ന് വീതവും നിലയ്ക്കലിൽ എട്ട് ട്രാക്ടറുമാണ് വിന്യസിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ 2022-23 വർഷത്തെ വരവു ചെലവു കണക്കുകൾ യോഗം അംഗീകരിച്ചു. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്തെ വിശുദ്ധി സേനയുടെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്നും യോഗം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, എ.ഡി.എം ബി. രാധാകൃഷ്ണൻ, തിരുവല്ല സബ് കളക്ടർ സഫ്ന നസ്റുദീൻ, വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ ടി.ആർ.സദാശിവൻ നായർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.