- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കിയെന്ന് മുഖ്യമന്ത്രി; വരയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാർ. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം.
വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു.
ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
വരയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ. നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കാർട്ടൂണിസ്റ്റ് സുകുമാറിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ടു നിന്ന അഖണ്ഡ ചിരിയജ്ഞം മറക്കാനാകാത്ത അനുഭവമായിരുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.




