- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ ജീവനൊടുക്കി; ബിജു ആത്മഹത്യ ചെയ്തത് ഓട്ടോയിൽ കെട്ടിയ കയർ കഴുത്തിൽ കുരുക്കി പാലത്തിൽ നിന്നു താഴേക്കു ചാടി
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ കയർ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് ബിജു (52) ആണു ജീവനൊടുക്കിയത്. ബിജു തന്റെ ഓട്ടോയിൽ കെട്ടിയ കയർ കഴുത്തിൽ കുരുക്കി പാലത്തിൽ നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുക ആയിരുന്നു.
2022 നവംബറിലാണ് ബിജുവിന്റെ അമ്മ സതി (80) മരിച്ചത്. ഇതിനു പിന്നിൽ മകൻ ബിജുവാണെന്നു പൊലീസ് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാറക്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന ബിജു പിന്നീട് ജാമ്യത്തിലിറങ്ങി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ വാകത്താനം പുളിച്ചാക്കൽ പാലത്തിൽ നിന്നു താഴേക്കു തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തിയാണു മൃതദേഹം മാറ്റിയത്. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.
നവംബർ 20നാണു ബിജുവിന്റെ അമ്മ സതിയെ തലയിൽ പരുക്കേറ്റ നിലയിൽ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണു പരുക്കേറ്റതെന്നാണു പറഞ്ഞിരുന്നത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായി മരിച്ചു. പിന്നാലെ 24ന് ഉച്ചയ്ക്ക് സംസ്‌കാരം നടത്താൻ തീരുമാനിച്ചു. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്നു സംസ്‌കാരത്തിനു തൊട്ടു മുൻപു മൃതദേഹം കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിലേറ്റ പ്രഹരമാണു മരണകാരണമെന്നു കണ്ടെത്തി. തുടർന്നു മകൻ ബിജുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.



