തൃശൂർ: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു പ്രാബല്യത്തിൽ വരും. മെയിൽ, എക്സ്‌പ്രസ് ട്രെയിനുകളുടെ വേഗം കൂട്ടിയും പാസഞ്ചർ, മെമു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുമുള്ള ദക്ഷിണമേഖലാ സമയക്രമം റെയിൽവേ പുറത്തുവിട്ടു. വന്ദേഭാരത് അടക്കം 11 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചതിനൊപ്പം എട്ടു ട്രെയിനുകളുടെ സർവീസ് നീട്ടി. 34 ട്രെയിനുകളുടെ വേഗം കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്റ്റേഷനുകളിൽ 199 എക്സ്‌പ്രസ് ട്രെയിനുകൾക്കു പരീക്ഷണാർഥം സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

* 16328 / 16327 ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസ് മധുരയിലേക്കു നീട്ടി. മധുര-ചെങ്കോട്ട എക്സ്‌പ്രസ് സംയോജിപ്പിച്ചാണു സർവീസ് മധുരയിലേക്കു ദീർഘിപ്പിച്ചത്.
* 16629 / 16630 തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്‌പ്രസുകൾക്കു ചാലക്കുടിയിൽ അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ് തുടരും
*16792 / 26792 പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസിനു അങ്കമാലിയിൽ അനുവദിച്ച സ്റ്റോപ് തുടരും.
* 22837 / 22838 ഹാട്യ-എറണാകുളം എക്സ്‌പ്രസിനു തൃശൂർ റെയിൽവേ സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ് തുടരും.
* 16351 ഗുരുവായൂർ-തിരുവനന്തപുരം എക്സ്‌പ്രസിന്റെ വേഗം 10 മിനിറ്റു കൂട്ടി.

മെമു സമയക്രമത്തിൽ മാറ്റം
റെയിൽവേയുടെ പുതിയ സമയമനുസരിച്ചു 06017 ഷൊർണൂർ എറണാകുളം മെമു ഷൊർണൂരിൽ നിന്നു രാവിലെ 3.30നു പകരം 4.30നു പുറപ്പെടും. 5.20നു തൃശൂരിൽ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. രാവിലത്തെ ഗുരുവായൂർ-പുനലൂർ ട്രെയിൻ മധുര വരെ നീട്ടിയതിനെ തുടർന്ന് എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാർക്കുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനു ഷൊർണൂർ മെമുവിന്റെ സമയം മാറ്റണമെന്നു ടി.എൻ.പ്രതാപൻ എംപിയും പാസഞ്ചേഴ്‌സ് അസോസിയേഷനും റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

വൈകിട്ടു മടക്കയാത്രയ്ക്കുള്ള ബെംഗളൂരു എക്സ്‌പ്രസിന്റെ സമയത്തിലും മാറ്റമുണ്ട്. വൈകിട്ട് 05.42ന് എറണാകുളം ടൗണിൽ നിന്നു പുറപ്പെടുന്ന 16525 കന്യാകുമാരി- ബെംഗളൂരു എക്സ്‌പ്രസ് രാത്രി 07.05ന് തൃശൂരിലെത്തും നിലവിൽ 07.37നാണ് ഈ ട്രെയിൻ തൃശൂരിലെത്തിയിരുന്നത്.