അടൂർ: ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പാർട്ടി നേതൃത്വത്തിൽ മധ്യസ്ഥത ചർച്ച നടക്കുന്നതിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരുക്കേറ്റു. മണക്കാല സ്വദേശി ഷിബിൻ തമ്പി(27)യ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുറത്തേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളഞ്ഞിറങ്ങിയതാണ് നില ഗുരുതരമാകാൻ കാരണം.

ശനിയാഴ്ച രാത്രി 7.30ന് മണക്കാല ജനശക്തി നഗറിലെ വായനശാലയ്ക്ക് സമീപമാണ് പ്രശ്നം. ഷിബിനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി സിപിഎം മണക്കാല ലോക്കൽ സെക്രട്ടറി മറ്റ് ആംബുലൻസ് ഡ്രൈവർമാരായ പന്നിവിഴയിൽ വാടകയ്ക്ക് താമസിക്കുന്ന പറക്കോട് സ്വദേശി കണ്ണൻ, ഇടത്തിട്ട സുബിൻ എന്നിവരെ വിളിച്ചു വരുത്തുകയായിരുന്നു. ചർച്ച നടക്കുന്നതിനിടെ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മുൻവൈരാഗ്യം മൂലം ഷിബിനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

കഴിഞ്ഞ ജൂലൈയിൽ സുബിനും കണ്ണനും ചേർന്ന് ശ്രീലേഷ് എന്ന ആംബുലൻസ് ഡ്രൈവറെ മർദിച്ചിരുന്നു. ഈ കേസിൽ റിമാൻഡിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ് പുതിയ പ്രശ്നം.