തെന്മല: കൊല്ലം തെന്മലയിൽ ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. മദ്യ വിൽപ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 29 വയസുള്ള അച്ചുമോനാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

തന്റെ കടയും വീടും ഗോഡൗണാക്കിയായിരുന്നു അച്ചുമോന്റെ അനധികൃത മദ്യ വിൽപ്പന. അച്ചുമോന്റെ സ്റ്റേഷനറി കടയിൽ നിന്ന് പൊലീസ് 12 കുപ്പി മദ്യമാണ് പിടികൂടിയത്. ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 93 കുപ്പി മദ്യവും. ബെവ്‌കോ ഔട്ട്‌ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അച്ചു മോനെ പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അച്ചുമോനെന്ന് പുനലൂർ ഡിവൈഎസ്‌പി ബി.വിനോദ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.