കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ സ്‌കൂട്ടറിൽ കൊണ്ടുനടന്നു മദ്യവിൽപന നടത്തിയയാൾ എക്‌സൈസ് പിടിയിലായി. മഞ്ചാടിക്കരി പുത്തൻ പറമ്പിൽ ജൂബി മോൻ (42) ആണ് നാലു ലീറ്റർ വിദേശമദ്യവുമായി അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കോട്ടയം എക്‌സൈസ് സർക്കിൾ ഓഫിസ് പ്രിവന്റീവ് ഓഫിസർ ഡി.ആനന്ദ് രാജയുടെ നേതൃത്വത്തിൽ വേഷംമാറി എത്തിയ സംഘത്തിന് ആളറിയാതെ ജൂബി മോൻ മദ്യം നൽകി. പിന്നീട് എക്‌സൈസ് സംഘം ജീപ്പിലെത്തി പിടികൂടുകയായിരുന്നു.

ഇയാൾ സ്വന്തം സ്‌കൂട്ടറിൽ കറങ്ങിനടന്ന് കൂടിയ വിലയ്ക്ക് കൈപ്പുഴ മുട്ട് ഭാഗങ്ങളിൽ മദ്യവിൽപന നടത്തുന്നെന്ന് നേരത്തേ എക്‌സൈസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസം വിദേശമദ്യ ഷോപ്പുകളും ബാറുകളും അവധിയായതിനാൽ ഈ അവസരം മുതലാക്കിയാണ് കൂടിയ വിലയ്ക്ക് മദ്യവിൽപന നടത്തിയിരുന്നത്. ഇതേത്തുടർന്നായിരുന്നു എക്‌സൈസിന്റെ ഓപ്പറേഷൻ.

ഇയാളിൽനിന്നും മദ്യം വിറ്റ വകയിൽ 1350 രൂപയും പിടിച്ചെടുത്തു. റെയ്ഡിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ ബി.ആനന്ദ് രാജ്, എ.പി.ബാലചന്ദ്രൻ, കെ.എൻ.അജിത്ത്കുമാർ, എക്‌സൈസ് ഡ്രൈവർ അനസ് എന്നിവരും പങ്കെടുത്തു.