- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; കട അടിച്ചു തകർത്തു; പ്രതിക്ക് ജാമ്യം നിരസിച്ച് കോടതി
തിരുവനന്തപുരം: ഗുണ്ടാ പിരിവ് നൽകാത്തതിന് സിറ്റിയിലെ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കട അടിച്ചു തകർത്ത് 1.75 ലക്ഷം രൂപയുടെ നാശ നഷ്ടം വരുത്തുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ സ്ഥിരം കുറ്റവാളി വെട്ടുകാട് സ്വദേശി മുഹമ്മദ് നൗഫലിന് ജാമ്യം നിരസിച്ചു.
തലസ്ഥാന നഗരത്തിൽ മോഷണം, വധശ്രമങ്ങളടക്കം 7 കേസുകളിൽ പ്രതിയാണെന്ന മെഡിക്കൽ കോളേജ് പൊലീസിന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പ്രതി ചെയ്ത കൃത്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതിക്ക് കസ്റ്റോഡിയൽ വിചാരണ വേണമെന്ന് പ്രോസിക്യൂഷൻ എസിജെഎം എൽസാ കാതറിൻ ജോർജ് മുമ്പാകെ ആവശ്യമുന്നയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 11 മണിക്ക് സംഭവം നടന്നത്. പണം പിടിച്ചുപറിക്കാൻ വെട്ടു കത്തിയുമായി ഹോട്ടലിലെത്തിയ യുവാവ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഹോട്ടൽ അടിച്ചുതകർത്തു. പട്ടം പ്ലാമൂട്ടിലെ അൽഹസൻ റെസ്റ്റോറിന് നേരെ വ്യാഴാഴ്ച രാത്രി 11നായിരുന്നു ആക്രമണം.
ഹോട്ടൽ ഉടമ ജസീം ക്യാഷ് കൗണ്ടറിലിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സമയം കടയിലേക്ക് കയറി വന്ന നൗഫൽ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കാൻ ശ്രമിച്ചു. 500 രൂപ നൗഫൽ പിടിച്ചുവാങ്ങി. ജസീം തടസ്സം നിന്നതോടെ പ്രതി വെട്ടുകത്തി വീശി. ആക്രമണം തടഞ്ഞ ജസീമിന്റെ കൈയ്ക്കു പരിക്കേറ്റു. പിന്നീട് പുറത്തിറങ്ങിയ പ്രതി കടയുടെ മുന്നിലിരുന്ന പാചകത്തിന് ഉപയോഗിക്കുന്നതടക്കമുള്ള നിരവധി ഉപകരണങ്ങൾ അടിച്ചു തകർത്തു. 1.75 ലക്ഷം രൂപയുടെ നാഷനഷ്ടമുണ്ടായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്