മംഗളൂരു: ആസിഡും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ച് സ്‌കൂൾ ശുചിമുറി വൃത്തിയാക്കിയതിന് പിന്നാലെ അവശനിലയിലായ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാമനഗര മഗഡി തുബിനഗരെ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർത്ഥിനി ഹേമലതയാണ് ശനിയാഴ്ച അദ്ധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചീകരണം നടത്തിയത്. പിന്നാലെ വിദ്യാർത്ഥിനി അവശനിലയിലാകുകയായിരുന്നു.

പ്രധാന അദ്ധ്യാപകൻ സിദ്ധാലിംഗയ്യ, അദ്ധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകി നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടിയെ അവശയായി കണ്ട രക്ഷിതാക്കൾ കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല.ആവർത്തിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്.

രക്ഷിതാക്കൾ ഉടനെ മഗഡി ടൗണിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദീർഘനേരം ആസിഡ് കൈകാര്യം ചെയ്തത് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി ഡോക്ടർമാർ പറഞ്ഞു. ഹെഡ്‌മാസ്റ്ററേയും അദ്ധ്യാപകനേയും സസ്‌പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.