- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവിരോധം മൂലമുള്ള തർക്കത്തിനൊടുവിൽ വിറകു കമ്പുകൊണ്ട് തലക്കടിയേറ്റയാൾ മരിച്ചു; കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: മുൻവിരോധം മൂലമുണ്ടായ വാക്കു തർക്കത്തിനൊടുവിൽ വിറക് കമ്പുകൊണ്ട് തലക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പുള്ളോലി കോളനിയിൽ കണിക്കുന്നിൽ വീട്ടിൽ ഭാസ്‌കരന്റെ മകൻ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന എസ്. രതീഷ്(40) ആണ് അടിയേറ്റ് ഗുരുതരമായ പരുക്കോടെ ചികിൽസയിലിരിക്കേ മരിച്ചത്. പ്രതി പുള്ളോലി കോളനിയിൽ പ്ലാമ്പറമ്പിൽ വീട്ടിൽ എം ടി അപ്പുക്കുട്ടൻ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച്ച വൈകിട്ട് അഞ്ചിന് പുള്ളോലി കോളനിയിൽ അപ്പുക്കുട്ടന്റെ വീടിന് മുന്നിലാണ് സംഭവം.
റോഡിൽ വിറക് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് രതീഷിന് മർദ്ദനമേറ്റത്. അപ്പുക്കുട്ടനെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ വിരോധവും വിറക് ഇറക്കുന്നതിലെ തർക്കവുമാണ് ആക്രമണത്തിന് കാരണം. അപ്പുക്കുട്ടൻ രതീഷിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മർദ്ദിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടയിൽ അപ്പുക്കുട്ടൻ അസഭ്യം വിളിച്ചുകൊണ്ട് വീട്ടുമുറ്റത്തു കിടന്ന വിറകു കമ്പെടുത്ത് രതീഷിന്റെ തലയ്ക്ക് നേരേ അടിച്ചു. ഒഴിഞ്ഞുമാറിയതിനാൽ രതീഷിന്റെ തോളിലാണ് കൊണ്ടത്.
പിന്നീട്, പ്രതി രതീഷിന്റെ തലയ്ക്ക് വിറകുകൊണ്ട്ആഞ്ഞടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് രതീഷ് മരിച്ചത്. പ്രതി വെള്ളിയാഴ്‌ച്ച വൈകിട്ട് തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. റാന്നി ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ്‌ഐ പ്രഭ, എസ്.സി.പി.ഓമാരായ ജോൺസി, സുരേഷ്, സിപിഓമാരായ ഒലിവർ, പ്രവീൺ, ഉമേഷ് എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്