തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി ശ്രീരാഗിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കൽച്ചിറയിൽ ശ്രീരാഗ് കമലാസനന് (34) നൽകിയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതിയെ അറസ്റ്റു ചെയ്യാൻ അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടു തുക കണ്ടു കെട്ടാൻ ജപ്തി വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു.

പ്രതിയെ നവംബർ 31 നകം സിറ്റി സൈബർ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാനും എസിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു. കോടതി പ്രതിക്ക് ജാമ്യം നൽകിയ വേളയിൽ നിഷ്‌കർശിച്ച ജാമ്യവ്യവസ്ഥ ഒന്നാം പ്രതി ലംഘിച്ചതിനാൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാനാവശ്യപ്പെട്ട് സിറ്റി സൈബർ ക്രൈം പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

ഒന്നാം പ്രതി ശ്രീരാഗ് കമലാസനന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാണ് പൊലീസ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 3 ദിവസത്തിനകം ഹാജരാക്കാൻ എസിജെഎം എൽസാ കാതറിൻ ജോർജ് പ്രതിയോട് ഒക്ടോബർ 4 ന് ഉത്തരവിട്ടിരുന്നു.എന്നാൽ ഒക്ടോബർ 7 , 9 എന്നീ തീയതികളിൽ കേസ് പരിഗണിച്ചിട്ടും ശ്രീരാഗ് കോടതിയിൽ ഹാജരാകുകയോ പൊലീസ് ഹർജിക്കെതിരെ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്യാത്തതിനാലാണ് കോടതി ജാമ്യം റദ്ദാക്കിയത്.

പൊലീസ് കുറ്റപത്രം സമർപ്പിക്കും വരെ ആഴ്ചയിൽ ഒരിക്കൽ വീതം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് പൊലീസ് ഹർജി.