മലയിൻകീഴ്: ചേട്ടന്റെ ഒക്കത്തിരുന്നുള്ള യാത്ര അവസാനിപ്പിച്ച് മീനു എന്നന്നേക്കുമായി യാത്രയായി. പുളിയറക്കോണം കുരുവിള വീട്ടിൽ താമസിച്ചിരുന്ന മീനുവാണ് മരിച്ചത്. മീനുവിന് ജന്മനാ നടക്കാനാവുമായിരുന്നില്ല. മുപ്പത്തിരണ്ടു വർഷം പ്രാണനെപ്പോലെ സ്‌നേഹിച്ച ചേട്ടൻ മനുവിന്റെ കൈകളിലിരുന്നായിരുന്നു മീനുവിന്റെ യാത്രകളത്രയും.

അനുജത്തിയെ അന്ത്യയാത്രയിലും ഒറ്റയ്‌ക്കെടുത്ത് ശാന്തികവാടത്തിലെ ചിതയിലേക്കു നീങ്ങിയ മനു അവസാനം വാവിട്ട് കരഞ്ഞുപോയി. ഇതു കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല. കുട്ടിക്കാലം മുതൽ മീനുവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള യാത്ര മനുവിന്റെ കൈകളിലിരുന്നായിരുന്നു. ആംബുലൻസ് ഡ്രൈവറായ മനു സ്വന്തം വിവാഹത്തിനു കതിർമണ്ഡപത്തിലെത്തിയത് അനുജത്തി മീനുവിനെയുമെടുത്തുകൊണ്ടാണ്. ഈ സംഭവം അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ഈ വാർത്ത കണ്ട് സിഐ.ടി.യു. നേതാവ് കെ.എസ്.സുനിൽകുമാർ കൈകൊണ്ടു നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ചക്രക്കസേര മീനുവിനു സമ്മാനിച്ചു. ജന്മനാ ഹൃദയവാൽവിന് തകരാറുള്ള മീനു ഒരാഴ്ചയിലേറെയായി ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. അപ്പോഴും മനു അനുജത്തിയുടെ അടുത്തുണ്ടായിരുന്നു. ഇപ്പോൾ കുടുംബം താമസിക്കുന്നത് പുഞ്ചക്കരി പേരകം മണ്ണുവിളയിലാണ്. പരേതനായ ഹരീന്ദ്രൻനായരാണ് അച്ഛൻ. അമ്മ: രമ.