തിരുവനന്തപുരം : സംസ്ഥാന ഡിജിപിയുടെ പേരിൽ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി മലയാളികളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഡൽഹിയിൽ പിടിയിലായ നൈജീരിയൻ സ്വദേശി റോമാനസ് ചിബ്യൂസിന്റെ (29) ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിക്ക് 2023 ഏപ്രിൽ മാസം നൽകിയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതിയെ അറസ്റ്റു ചെയ്യാൻ അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടു തുക കണ്ടു കെട്ടാൻ ജപ്തി വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു.

പ്രതിയെ നവംബർ 30 നകം സിറ്റി സൈബർ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാനും എസിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു. കോടതി പ്രതിക്ക് ജാമ്യം നൽകിയ വേളയിൽ നിഷ്‌കർശിച്ച ജാമ്യവ്യവസ്ഥ പ്രതി ലംഘിച്ചതിനാൽ പ്രതിയുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സിറ്റി സൈബർ ക്രൈം പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 2023 ജൂൺ 12 ന് ബോധിപ്പിക്കാൻ നിർദ്ദേശിച്ച് 2023 മെയ് 19 ന് പ്രതിയുടെ ഡൽഹി വിലാസത്തിൽ നോട്ടീസയച്ചിരുന്നു.

എന്നാൽ നോട്ടീസിൽ പറയുന്ന ഡൽഹി ഉത്തംനഗറിലെ മേൽവിലാസമോ പേരുകാരനെയോ കണ്ടെത്താനാവുന്നില്ലെന്ന പോസ്റ്റൽ അധികൃതരുടെ റിപ്പോർട്ട് സഹിതം നോട്ടീസ് കോടതിക്ക് തിര്യ സമർപ്പിച്ചു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി നിരീക്ഷിച്ച കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടുതുക കണ്ടു കെട്ടാൻ ജപ്തി വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും പുറപ്പെടുവിച്ചു. കുറ്റപത്രം സമർപ്പിക്കും വരെ ആഴ്ചയിൽ ഒരിക്കൽ വീതം എല്ലാ ആഴ്ചയും സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് സൈബർ പൊലീസ് ഹർജി.

2022 മാർച്ച് 12 നാണ് ഡൽഹിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഡൽഹി ദ്വാരക ജില്ലയിലെ ഉത്തംനഗർ കേന്ദീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന റൊമാനസിനെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഉത്തംനഗറിലെ കെട്ടിടത്തിൽ എത്തിയതോടെ ആഫ്രിക്കൻ വംശജരുടെ ശക്തമായ എതിർപ്പ് ഉണ്ടായി.

ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ പുറത്ത് എത്തിച്ചത്.തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അസി. കമ്മിഷണർ ടി. ശ്യാംലാൽ , ഇൻസ്‌പെക്ടർ പി.ബി. വിനോദ്കുമാർ, എസ്‌ഐ ബിജുലാൽ, എഎസ്‌ഐമാരായ സുനിൽ കുമാർ, ഷിബു, സിപിഓമാരായ വിജേഷ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്നും എടിഎം കാർഡുകൾ, പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തു. ഇയാൾ ഉപയോഗിച്ച വാട്‌സാപ് അക്കൗണ്ടുകൾ അനലൈസ് ചെയ്ത് നടത്തിയ സൈബർ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്.