- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തികരമായ ഫോൺ സന്ദേശം; പാനൂർ നഗരസഭ മുൻ സെക്രട്ടറിക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലിം ലീഗ് നേതാവ്
കണ്ണൂർ: പാനൂർ നഗരസഭയിലെ മുൻ സെക്രട്ടറിയുടെ വിദ്വേഷ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് നിയമനടപടിക്കായി കോടതിയെ സമീപിച്ചു. വളരെ ഗൗരവമായ അധിക്ഷേപം മുസ്ലിം സമുദായത്തിനും മുസ്ലിംലീഗിനും എതിരെ ഉന്നയിച്ച പാനൂർ മുനിസിപ്പൽ സെക്രട്ടറിക്ക് എതിരെ പാനൂർ പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷൻ മജിസ്‌ട്രേറ്റ് കോടതിയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ.ഷാഹുൽഹമീദ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.അഡ്വക്കേറ്റ് മുഹമ്മദ് ജുനൈസ് മുഖാന്തരമാണ് കേസ് ഫയൽ ചെയ്തത്.
നഗരസഭയിലെ ജീവനക്കാരനായ അശോകനുമായി സെക്രട്ടറി പ്രവീൺ നടത്തിയ ഫോൺ സംഭാഷണമാണ് ചോർന്നത്. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിവാദമായത്. നഗരസഭയിൽ മുഴുവൻ പാർട്ടികളും സെക്രട്ടറിക്കെതിരെയായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നതോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രത്യേക കൗൺസിൽ യോഗത്തിന്റെ സെക്രട്ടറിക്കെതിരെയുള്ള വികാരം മാനിച്ചാണ് നടപടി സ്വീകരിച്ചത്.
വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന ഓഡിയൊ തന്റെതല്ലെന്ന് പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ വിശദീകരിച്ചിരുന്നു. പാനൂർ നഗരസഭയിൽ വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം. അതേ സമയം സെക്രട്ടറിയെയും, ജീവനക്കാരനെയും പ്രതി ചേർത്ത് അന്വേഷണം നടത്തുമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ കൗൺസിലിനെ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും സെക്രട്ടറിയെ നിശിതമായി വിമർശിച്ചിരുന്നു.
നഗരസഭാകൗൺസിൽ യോഗം ആരംഭിക്കുമ്പോൾ തന്നെ തന്റെ വിശദീകരണക്കുറിപ്പ് സെക്രട്ടറി അംഗങ്ങൾക്ക് കൈമാറിയിരുന്നു. ഈ കുറിപ്പ് ചെയർമാൻ യോഗത്തിൽ വായിക്കുകയും ചെയ്തു. തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഓഡിയൊ ക്ലിപ്പിലുള്ളതെന്നും, ഇത് എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു സെക്രട്ടറിയുടെ വാദം. എന്നാൽ ഇത് കൗൺസിൽ അംഗീകരിച്ചില്ല. തുടർന്ന് യോഗത്തിൽ സംസാരിച്ചവരെല്ലാം സെക്രട്ടറിയുടെ ഓഡിയൊ ക്ലിപ്പിലെ പരാമർശങ്ങളെ നിശിതമായി വിമർശിച്ചു. യോഗത്തിൽ ആദ്യം സംസാരിച്ച കോൺഗ്രസ് കൗൺസിലർ രാജേഷ് കരിയാട് എഡിറ്റ് ചെയ്ത വോയ്‌സ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ സെക്രട്ടറി പരാതി നൽകിയിട്ടുണ്ടൊ എന്ന ചോദ്യമുന്നയിച്ചു.
തുടർന്ന് സംസാരിച്ച ബിജെപി കൗൺസിലർ എം. രത്‌നാകരൻ വർഗീയത പരത്തുന്ന സെക്രട്ടറിയെ നേരത്തെ മാറ്റണമായിരുന്നെന്ന് പറഞ്ഞു. സെക്രട്ടറിക്ക് പുറമെ ജീവനക്കാരൻ അശോകൻ, ഓഡിയൊ പുറത്തുവിട്ട കൗൺസിലർ എന്നിവർക്കെതിരെ നടപടി വേണമെന്ന് സി പി എം കൗൺസിലർ കെ.കെ സുധീർ കുമാർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, ജനതാദൾ പ്രതിനിധികളും സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു.
എം ടി കെ ബാബു, എൻ.എ കരീം, പി.കെ പ്രവീൺ, എംപികെ അയ്യൂബ്, ടി.കെ ഹനീഫ, അൻസാർ അണിയാരം, സൈനുദ്ദീൻ തങ്ങൾ, ദാസൻ മാസ്റ്റർ, എം പി ശ്രീജ എന്നിവരും സെക്രട്ടറിയുടെ നടപടിക്കെതിരെ വിമർശനമുന്നയിച്ചു.
തുടർന്ന് സംസാരിച്ച ചെയർമാൻ വി.നാസർ മാസ്റ്റർ നഗരസഭയിൽ അഴിമതിയുണ്ടെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളി കൊണ്ടു രംഗത്തു വന്നു. ഇഡിയല്ല, സിബിഐ പരിശോധനക്ക് വന്നാലും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. ഓഡിയൊ ക്ലിപ്പിലെ തനിക്കെതിരായ പരാമർശങ്ങൾക്ക് മറുപടി പറയവെ അല്പസമയം ചെയർമാൻ വികാരാധീനനായി. സെക്രട്ടറി പ്രവീണിനെതിരെയും, ജീവനക്കാരൻ അശോകനെതിരെയും നടപടി ഉണ്ടാകുമെന്നും, ഓഡിയൊ ക്ലിപ്പ് പുറത്തുവിട്ട കൗൺസിലർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നും ചെയർമാൻ കൗൺസിലിന് ഉറപ്പു നൽകി. കൈയടികളോടെയാണ് ചെയർമാന്റെ വാക്കുകളെ കൗൺസിൽ വരവേറ്റത്.
നിലവിൽ യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബിജെപി മൂന്ന് എന്നിങ്ങനെ യാണ് കക്ഷിനില.




