കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടി. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്കു ശേഷമാണ് മലയോര മേഖലയിൽ മഴ ശക്തമായത്. കണിച്ചാർ പഞ്ചായത്തിന്റെ വനമേഖലയിൽ ഉരുൾ പൊട്ടി. മലവെള്ളം കുത്തിയൊലിച്ചു ഒഴുകുന്നതിനാൽ കാഞ്ഞിരപ്പുഴയിൽ ജലനിരപ്പുയുർന്നിട്ടുണ്ട്.

പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കണിച്ചാർ പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പേരിയിലാണ് ചൊവ്വാഴ്‌ച്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ' 30 മില്ലീമീറ്റർ മഴയാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച്ചപത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബുധനാഴ്‌ച്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ?ഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്