കട്ടപ്പന: വണ്ടന്മേട്ടിൽ അച്ഛനും രണ്ടാൺമക്കളും ഷോക്കേറ്റു മരിച്ചു. പാടത്ത് പുല്ലുചെത്താനിറങ്ങിയവരാണ് ഷോക്കേറ്റ് മരിച്ചത്. പാടത്തെ വെള്ളത്തിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേൽക്കുക ആയിരുന്നു. പുറ്റടി നായർസിറ്റിക്കു സമീപം ചെമ്പകശേരിൽ കനകാധരൻ (57), മക്കളായ വിഷ്ണു (31), വിനീത് (വിനോദ്27) എന്നിവരാണു വൈദ്യുതാഘാതമേറ്റു പാടത്തെ വെള്ളത്തിൽ മരിച്ചുവീണത്. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം.

പാടത്ത് പുല്ലുചെത്താനിറങ്ങിയതായിരുന്നു മൂന്നുപേരും. വൈദ്യുതക്കമ്പി പൊട്ടിവീണതറിയാതെ പാടത്തിറങ്ങിയ കനകാധരനാണ് ആദ്യം ഷോക്കേറ്റതെന്നു കരുതുന്നു. അച്ഛൻ അപകടത്തിൽപ്പെട്ടതു കണ്ട് രക്ഷിക്കാനെത്തിയ രണ്ടു മക്കളും പിന്നാലെ അപകടത്തിൽപെടുകയായിരുന്നു. മൂവരും തിരിച്ചെത്താൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വിഷ്ണുവിന്റെ ഭാര്യ ആതിരയാണു മൂന്നുപേരും പാടത്തു മരിച്ചുകിടക്കുന്നതു കണ്ടത്.

ഇതോടെ ആതിര ബഹളം വെയ്ക്കുകയും നിലവിളികേട്ട് ആളുകൾ ഓടിയെത്തുകയും ആയിരുന്നു. മൂവരെയും രക്ഷിക്കാനായി പാടത്തേക്ക് ഇറങ്ങിയവർക്കും വൈദ്യുതാഘാതമേറ്റു. ഇതോടെ വിവരം കെഎസ്ഇബിയിൽ അറിയിച്ചു. കെഎസ്ഇബി അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണു മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയത്.

പാടത്ത് കപ്പക്കൃഷിയാണ്. കൃഷിയിടത്തിനു ചുറ്റും കമ്പിവേലിയുമുണ്ട്. വേലിയുടെ മുകളിലും പാടത്തുമായാണു വൈദ്യുതക്കമ്പി പൊട്ടിവീണത്. മഴയത്തു മരം വീണതോടെ വൈദ്യുതക്കമ്പി പൊട്ടിയതാകാമെന്നാണു നിഗമനം. കനകാധരന്റെ ഭാര്യ: ഓമന. വിഷ്ണുവിന്റെ മകൻ: ഗൗതം (2). വിനീത് അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.