കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര ഹൈവയോട് ചേർന്നുള്ള ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്. ഉളിക്കൽ ടൗണിനോട് ചേർന്നുള്ള മാർക്കറ്റിന് പിൻഭാഗത്തായാണ് കാട്ടാനയിപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചുവരുകയാണ്.

വനാതിർത്തിയിൽനിന്ന് പത്തുകിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. അതിനാൽ തന്നെ കാട്ടാനയെ പെട്ടെന്ന് വനത്തിലേക്ക് തുരത്തൽ വെല്ലുവിളി. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കിൽ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻ പറഞ്ഞു. പുലർച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. പിന്നീട് മാർക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു.

കാട്ടാനയിറങ്ങിയതിനെതുടർന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗൻവാടികൾക്കും സ്‌കൂളുകൾക്കും അവധിയും നൽകി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിൽ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു.