- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൈക്കോടതി ജഡ്ജി നിയമനം; സുപ്രീംകോടതി കൊളീജിയം അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ശുപാർശ ചെയ്തു
കൊച്ചി: നാല് ജില്ലാ ജഡ്ജിമാരും ഹൈക്കോടതി രജിസ്ട്രാർ ജനറലും അടക്കം അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. എം.ബി.സ്നേഹലത (കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), ജോൺസൺ ജോൺ (കൽപ്പറ്റ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), ജി.ഗിരീഷ് (തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), സി.പ്രതീപ് കുമാർ (കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), പി.കൃഷ്ണകുമാർ (ഹൈക്കോടതി രജിസ്ട്രാർ ജനറൽ) എന്നിവരെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട കൊളീജിയത്തിന്റെയാണ് ശുപാർശ.
എറണാകുളം വൈപ്പിൻ മരക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളാണ് എം ബി സ്നേഹലത. 1995ൽ മുൻസിഫായി സർവീസിൽ പ്രവേശിച്ചു. കോഴിക്കോട് മാറാട് സ്പെഷ്യൽ ജഡ്ജിയായും തിരുവനന്തപുരം വിജിലൻസ് ജഡ്ജിയായും പ്രവർത്തിച്ചു. തൃശൂരിൽ അഭിഭാഷകനായ കെ കെ ഷാജിയാണ് ഭർത്താവ്. മകൻ: അലൻ കൃഷ്ണ (വിദ്യാർത്ഥി, കൊല്ലം കേന്ദ്രീയ വിദ്യാലയ).
ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ ജി പരമേശ്വപ്പണിക്കരുടെയും ഇന്ദിരാ പണിക്കരുടെയും മകനാണ് പി കൃഷ്ണകുമാർ. 2012ൽ അഭിഭാഷകരിൽനിന്ന് നേരിട്ട് ജില്ലാ ജഡ്ജിയായി തെരഞ്ഞെടുത്തു. കൊല്ലം, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളം എൻഐഎ/സിബിഐ കോടതി ജഡ്ജിയായും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: ശാലിനി. മക്കൾ: ആകാശ്, നിരഞ്ജൻ, നീലാഞ്ജന.
സി പ്രദീപ്കുമാർ 1997ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടായാണ് സർവീസിൽ പ്രവേശിച്ചത്. ആലപ്പുഴ കുടുംബ കോടതി ജഡ്ജി, കൊട്ടാരക്കര എസ്സി എസ്ടി കോടതി സ്‌പെഷ്യൽ ജഡ്ജി, എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി, തലശേരിയിലും കോഴിക്കോടും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പദവികളും വഹിച്ചു. തിരുവനന്തപുരം പൂങ്കുളം വെള്ളായണി സ്വദേശിയാണ്. ഭാര്യ: ഷെർലി കാഞ്ഞിരംകുളം (അദ്ധ്യാപിക, പികെഎസ്എച്ച്എസ് സ്‌കൂൾ). മക്കൾ: അഡ്വ.അഭിജിത്ത്, അഭിനന്ദ് (എൽഎൽ.ബി വിദ്യാർത്ഥി)
പത്തനംതിട്ട റാന്നി സ്വദേശിയായ ജോൺസൺ ജോൺ 2022 ജൂൺ ഒന്നുമുതൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ജഡ്ജിയാണ്. മാനന്തവാടി മുൻസിഫ് മജിസ്ട്രേട്ടായാണ് സർവീസിൽ പ്രവേശിച്ചത്. കോട്ടയം ജില്ലാ കോടതി, എംഎസിടി കോടതി, തിരുവനന്തപുരം അഡീഷണൽ ആൻഡ് സെഷൻസ് കോടതി-അഞ്ച് എന്നിവിടങ്ങിൽ അഡീഷണൽ ജഡ്ഡിയായി. സൂര്യനെല്ലി കേസിലെ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്നു. റാന്നി മണിമയലത്ത് വീട്ടിൽ പരേതരായ എം ഒ ജോൺ-തങ്കമ്മ ജോൺ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഡോ. ഏലിയാമ്മ കുരുവിള (റിട്ട. പ്രിൻസിപ്പൽ റാന്നി സെന്റ് തോമസ് കോളേജ് ). മക്കൾ: ജോനു ജോൺസൺ, ജോയൽ ജോൺസൺ(ഇരുവരും കാനഡ).
പന്തളം കിഷോർ ഭവനിൽ അദ്ധ്യാപകരായിരുന്ന പരേതനായ കെ ആർ ഗോപിനാഥൻ ഉണ്ണിത്താന്റെയും ടി സതീദേവിയുടെയും മകനാണ് ജി ഗിരീഷ്. അഭിഭാഷകനായിരിക്കേ 1997ൽ ഒന്നാം റാങ്കോടെ മുൻസിഫ് മജിസ്‌ട്രേട്ട് പരീക്ഷ പാസായി. 2014 ൽ ജില്ലാ ജഡ്ജിയായി. 2022 ൽ തലശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി. കഴിഞ്ഞ ഏപ്രിലിലാണ് തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായത്. ഭാര്യ: ബി ഐ ദീപ്തി (എറണാകുളം ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഭഗവത് ഗിരീഷ് (ബി. ടെക് വിദ്യാർത്ഥി ഐഐടി മദ്രാസ്), പാർവതി പ്രതുഷ (എം.ബി.ബി.എസ് വിദ്യാർത്ഥിനി).




