- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് 'ഭീകരരെങ്കിൽ' ഇസ്രയേൽ 'കൊടുംഭീകരർ'; ശൈലജയുടെ പരാമർശത്തിന് പരോക്ഷ വിമർശനവുമായി കെ ടി ജലീൽ
മലപ്പുറം: ഹമാസ് ഭീകരരാണെങ്കിൽ ഇസ്രയേൽ കൊടും ഭീകരരാണെന്ന് മുൻ മന്ത്രിയും എംഎൽഎ.യുമായ കെ.ടി. ജലീൽ. ഹിറ്റ്‌ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിപ്പിൽ പറയുന്നു. ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ, ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനം കൂടിയാണ് ജലീലിന്റെ മറുപടി.
ഹമാസിന്റേതു പ്രത്യാക്രമണമാണെന്ന പാർട്ടി നിലപാടിൽനിന്നു വ്യത്യസ്തമായാണു കെ.കെ.ശൈലജ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും അതോടൊപ്പം, 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും ശൈലജ കുറിച്ചു.
ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമർശിച്ചത്. ആദ്യത്തെ പോസ്റ്റിൽ ഹമാസ് നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണു പറഞ്ഞത്. പിന്നീടാണ് ഹമാസ് ഭീകരർ എന്നു ചേർത്തത്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്നാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.
ഫലസ്തീനികൾ എന്തുതന്നെ ചെയ്താലും നിരപരാധികളാണെന്ന് നേരത്തേ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജും പ്രതികരിച്ചിരുന്നു. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നുകഴിഞ്ഞെന്നും സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.




