- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിദാരിദ്ര്യ ബാധിതരായ 93 ശതമാനത്തോളം കുടുംബങ്ങളെ 2024 നവംബർ ഒന്നോടെ മുക്തരാക്കും; 2025 നവംബർ ഒന്നോടെ ഇത് പൂർണമാക്കാനാകുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജം പകർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പുരോഗമിക്കുന്ന പ്രശ്നപരിഹാര നടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിയായ ദാരിദ്ര്യം അനുഭവിക്കുന്നവരില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സർക്കാർ നടത്തിയ സർവേയിൽ 64,000-ൽപരം കുടുംബങ്ങളാണ് ഈ ഗണത്തിലുള്ളത്. ആ കുടുംബങ്ങളെ അതിദാരിദ്യത്തിൽനിന്ന് മോചിപ്പിക്കാൻ എടുത്ത നടപടികൾ യോഗം പരിശോധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തമായ മൈക്രോപ്ലാൻ തയ്യാറാക്കി ഇവരെ അതിദരിദ്രാവസ്ഥയിൽനിന്ന് മോചിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനാവശ്യമായ നേതൃത്വം വഹിക്കുന്നത്. അവകാശം അതിവേഗം പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കാനും ഇതിന്റെ ഭാഗമായി തീരുമാനം എടുത്തിട്ടുണ്ട്.
അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തോളം കുടുംബങ്ങളെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ മുക്തരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബർ ഒന്നോടെയാണ് പൂർണമായും അതിദാരിദ്ര്യത്തിൽനിന്ന് കുടുംബങ്ങളെ മുക്തരാക്കാൻ കഴിയുക എന്നാണ് കണ്ടത്. ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ ഈ വർഷവും അടുത്തവർഷവും കൊണ്ട് 2024 നവംബർ ഒന്നോടെ 93 ശതമാനത്തോളം അതിദാരിദ്ര്യ കുടുംബങ്ങളെ അതിൽനിന്ന് മോചിപ്പിക്കാനാവും എന്നാണ് വിലയിരുത്തലിൽ കണ്ടെത്താനായത്. 2025 നവംബർ ഒന്നോടെ ഇത് പൂർണമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ പുരോഗതി മേഖലാ അവലോകന യോഗങ്ങളിൽ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനതകൾ കണ്ടെത്തി പദ്ധതി നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടന്നത്. സംസ്‌കരണ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കണം. ചിലയിടത്ത് ഇക്കാര്യത്തിൽ ചില തടസ്സങ്ങളുണ്ട്. ആ പ്രദേശങ്ങളിൽ കളക്ടർമാരുടെ നോതൃത്വത്തിൽ യോഗം നടത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




