തിരുവനന്തപുരം: വിഴിഞ്ഞത് ലത്തീൻ സഭയുമായി അനുനയനീക്കത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വിഴിഞ്ഞം സമരകാലത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ വിശദീകരിച്ചു. യൂജിൻ പെരേര വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നടപടി മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സർക്കാർ അനുനയനീക്കവുമായി വിഴിഞ്ഞം ഇടവകയെ സമീപിച്ചത്.

നാടിന് നന്മ വരുന്ന കാര്യങ്ങൾ നടക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം ഇടവക വികാരി മോൺ. നിക്കോളാസ് പറഞ്ഞു. എന്നാൽ പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത് തങ്ങളെയാണ്. അതുകൊണ്ട് തങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കപ്പെടണം. ഇക്കാര്യങ്ങളിൽ മന്ത്രി വളരെ അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചത്.

എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുകകൂടി വേണം. തുറമുഖ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നുംഅദ്ദേഹം പ്രതികരിച്ചു.