കൊച്ചി: ഗ്രൂപ്പ് തർക്കത്തേതുടർന്ന് പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേ സമയം രണ്ടിടത്ത്. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിലും ജെബി മേത്തറുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരിപാടി നടക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്സാഹ് എന്ന പേരിൽ ജെബി മേത്തറിന്റെ നേതൃത്വത്തിൽ പരിപാടികൾ നടന്നുവന്നിരുന്നത്. 166 ബ്ലോക്കുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനിടെയാണ് പെരുമ്പാവൂരിൽ ഒരേ പരിപാടി രണ്ട് വേദികളിൽ നടക്കുന്നത്. നേരത്തെ, ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. എൽദോസ് കുന്നപ്പള്ളിയും പി.പി തങ്കച്ചനും നിർദ്ദേശിച്ചവരെ തഴഞ്ഞ് വി.ഡി.സതീശനും കെ.സി.വേണുഗോപാലും നിർദ്ദേശിച്ചവരെയാണ് സ്ഥാനാർത്ഥികളാക്കി മുന്നോട്ട് പോയത്.

ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് എൽദോസ് കുന്നപ്പിള്ളി സമാന്തര യോഗം വിളിച്ചത്. ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കുമെന്ന് എൽദോസ് അറിയിച്ചു.