- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ മലയാളികൾ നാട്ടിലെത്തി; ഏഴുപേരും ഇസ്രയേലിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഇസ്രയേലിൽ നിന്നും 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഡൽഹിയിൽ എത്തിയ ആദ്യ സംഘത്തിലെ കേരളത്തിൽ നിന്നുള്ള ഏഴു പേരിൽ അഞ്ച് പേർ നാട്ടിൽതിരിച്ചെത്തി. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രി ടെൽ അവീവിൽ നിന്നും പ്രത്യക വിമാനത്തിൽ തിരിച്ച ഇവർ പുലർച്ചയോടെയാണ് ഡൽഹിയിലെത്തിയത്. പിന്നീട് എ.ഐ 831 നമ്പർ ഫ്‌ളൈറ്റിൽ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം പാലക്കാട് സ്വദേശി നിള നന്ദ എന്നിവർ സ്വന്തം നിലയ്ക്കാണ് ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്ക് എത്തിയത്.
ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രയേലിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളാണ്. ഡൽഹിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവരിൽ അഞ്ച് പേർക്ക് നോർക്ക കൊച്ചിയിലേയ്ക്കുള്ള വിമാനടിക്കറ്റുകളും ലഭ്യമാക്കി. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് എറണാകുളം സെന്റർ മാനേജർ രജീഷ്. കെ.ആർ ന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന കേരളീയരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്‌സ് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവരെ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ) സഹായിക്കുന്നതിനായി നോർക്ക പ്രതിനിധികളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളീയരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡൽഹി എയർപോർട്ടിൽ നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.




