ലഖ്നൗ: സ്ത്രീധനം നൽകാത്തതിന്റെ പേരിലുള്ള വഴക്കിന് പിന്നാലെ ഭർത്താവും ഭർതൃപിതാവും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ടു. കൃത്യം നടത്തിയതിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഒരുവർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി നൽകാൻ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു.

ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. വീടിന്റെ തറയ്ക്കടിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീധനം, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ പ്രകാരം കേസ് എടുത്തതായും പൊലിസ് പറഞ്ഞു.