തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇരകൾക്ക് പിന്തുണയുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പദയാത്രയെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പദയാത്രക്ക് നേതൃത്വം നൽകിയ സുരേഷ് ഗോപിയെ പരിഹസിച്ചായിരുന്നു വിമർശനം. താൻ മുമ്പ് കണ്ടത് സിനിമയിൽ വാഹനങ്ങൾ മറിച്ചിട്ട നടനെയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടത് അതേ നടൻ കിതച്ച് ലോറിയുടെ പിറകിൽ പിടിച്ച് ജാഥ നടത്തുന്നതാണ്. അതും ഒരു സമര രീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് വലിയ തട്ടിപ്പാണെന്നും വിഷയത്തിൽ പാർട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും എ വിജയരാഘവൻ പറഞ്ഞു. തൃശ്ശൂരിൽ എൽ.ഡി.എഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണെന്ന് വിജയരാഘവൻ പറഞ്ഞു.

കരുവന്നൂരിൽ നടന്നത് വലിയ തട്ടിപ്പാണ്. എന്നാൽ, ഇക്കാര്യത്തിൽ ജാഗ്രതയോടെയാണ് പാർട്ടി ഇടപെട്ടത്. തെറ്റു ചെയ്ത ആരെയും പാർട്ടി സംരക്ഷിച്ചില്ല. ഇതിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്ന് പലർക്കും വ്യാമോഹമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ അനുവദിക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.